Kerala PSC Tips - ൻറെ അന്ത്യാഞ്ജലികൾ
ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ സ്കൂൾ അധ്യാപകനായിരുന്ന പി.കെ. കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളിൽ ഇളയ മകനായി 1948 മെയ് 22-നാണ് കെ. വേണുഗോപാലൻ എന്ന നെടുമുടി വേണു ജനിച്ചത്.
നെടുമുടിയിലെ എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂൾ, ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നിന്നാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്.
ബാല്യകാലം മുതൽ തന്നെ വായനയോടും എഴുത്തിനോടും അതിയായ താൽപര്യം ഉണ്ടായിരുന്ന നെടുമുടി വേണു നാടകങ്ങൾ എഴുതുമായിരുന്നു.
സ്കൂളിലും നാട്ടിലും സുഹൃത്തുക്കൾക്കൊപ്പം നാടകം അവതരിപ്പിച്ചിരുന്നു.
വിദ്യാഭ്യാസകാലത്ത് മറ്റു സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു അദ്ദേഹം. ആലപ്പുഴ എസ്. ഡി കോളേജിൽ നിന്ന് ബിരുദമെടുത്തശേഷം കലാകൗമുദിയിൽ പത്രപ്രവർത്തകനായും ആലപ്പുഴയിൽ പാരലൽ കോളേജ് അധ്യാപകനായും പ്രവർത്തിച്ചു.
അധ്യാപനത്തോടൊപ്പം പ്രൊഫഷണൻ നാടകങ്ങളിലും അമെച്വർ നാടകങ്ങളിലും പ്രവർത്തിച്ചു.
ഒരു സുന്ദരിയുടെ കഥ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിൽ മുഖം കാണിക്കുന്നത്. തിരുവനന്തപുരത്തേക്ക് താമസം മാറ്റിയതിന് ശേഷം അരവിന്ദൻ, പത്മരാജൻ, ഭരത് ഗോപി തുടങ്ങിയവരുമായി സൗഹൃദത്തിലായി.
നെടുമുടി വേണു എന്ന സിനിമാനടന്റെ ഉദയകാലമായിരുന്നു അത്.
1978-ൽ അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം.
അപ്പുണ്ണി, പാളങ്ങൾ, ചാമരം, തകര, കള്ളൻ പവിത്രൻ, മംഗളം നേരുന്നു, കോലങ്ങൾ, ചില്ല്, യവനിക, കേളി, വാരിക്കുഴി, പരസ്പരം, സർഗം, പഞ്ചവടി പാലം, അക്കരെ, ഇരകൾ, അടിവേരുകൾ, സുഖമോ ദേവി, ചിലമ്പ്, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, ഒരിടത്ത്, പെരുംതച്ചൻ ആരണ്യകം, ധ്വനി, ചിത്രം, ദശരഥം, താളവട്ടം, വന്ദനം, ഡോക്ടർ പശുപതി, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, അങ്കിൾ ബൺ, സൂര്യ ഗായത്രി, വിയറ്റ്നാം കോളനി, സവിധം, മായാമയൂരം, ദേവാസുരം, നന്ദിനി ഓപ്പോൾ, ശ്രീരാഗം, സ്ഥടികം, ദേവരാഗം, ഗുരു, ചുരം, സുന്ദരകില്ലാടി, ഹരികൃഷ്ണൻസ്, ഇംഗ്ലീഷ് മീഡിയം, മേഘം, ഇഷ്ടം, കാക്കക്കുയിൽ, തിളക്കം, ബാലേട്ടൻ, ജലോത്സവം, തന്മാത്ര, പാസഞ്ചർ, ബെസ്റ്റ് ആക്ടർ, ആകാശത്തിന്റെ നിറം, ആലിഫ്, നിർണായകം, ചാർലി, പാവാട, കാർബൺ, താക്കോൽ, യുവം, ആണും പെണ്ണും തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പ്രിയദർശൻ സംവിധാനം ചെയ്ത റിലീസ് കാത്തിരിക്കുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
മൊഗാമൽ, ഇന്ത്യൻ, അന്യൻ, പൊയ് സൊല്ല പോരും, സിലമ്പാട്ടം, സർവ്വം താളമയം, ഇന്ത്യൻ 2, നവരസ തുടങ്ങിയ തമിഴ്ചിത്രങ്ങളിൽ വേഷമിട്ടു. ചോർ രഹേൻ എന്ന ഇംഗ്ലീഷ് ചിത്രത്തിലും ഇഷ്ടി എന്ന തമിഴ്ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
ടി.ആർ. സുശീലയാണ് ഭാര്യ. മക്കൾ; കണ്ണൻ, ഉണ്ണി
പ്രണാമം
ReplyDelete