I Phone 5 - the world's wonder
മൂന്നരയിഞ്ചില്‍ നിന്ന് നാലിഞ്ചിലേക്കും, 3ജിയില്‍ നിന്ന് 4ജിയിലേക്കും ഐഫോണ്‍ വളര്‍ന്നു. വലിപ്പത്തിലും കണക്ടിവിറ്റിയിലും പുതുമകളോടെ ഐഫോണ്‍ 5 ആപ്പിള്‍ അവതരിപ്പിച്ചു. അതേസമയം, ഫോണിന്റെ കനം 18 ശതമാനം കുറഞ്ഞിട്ടുണ്ട്.
പുതിയ ഐഫോണിനെക്കുറിച്ച് ഇതിനകം പ്രചരിച്ച അഭ്യൂഹങ്ങളെ ഏറെക്കുറെ ശരിവെയ്ക്കുന്നതാണ് ബുധനാഴ്ച സാന്‍ ഫ്രാന്‍സിസ്‌കോയില്‍ അവതരിപ്പിച്ച ഐഫോണ്‍ 5. ആപ്പിളിന്റെ വൈസ് പ്രസിഡന്റ് ഫില്‍ ഷില്ലറാണ് ഐഫോണ്‍ 5 അവതരിപ്പിച്ചത്.
കൂടുതല്‍ ആപ് ഐക്കണുകള്‍ ഹോംപേജില്‍ തന്നെ കാണിക്കാന്‍ ഐഫോണ്‍ 5 ന്റെ വലിയ സ്‌ക്രീന്‍ അവസരമൊരുക്കുന്നു. നാലിഞ്ചായിട്ടും, സാംസങ്, എച്ച്.ടി.സി, നോക്കിയ, മോട്ടറോള തുടങ്ങിയ പ്രതിയോഗികളുടെ സ്മാര്‍ട്ട്‌ഫോണുകളെ അപേക്ഷിച്ച് ഐഫോണ്‍ 5 ന്റെ സ്‌ക്രീന്‍ ചെറുതാണ്.
വൈഡ് സ്‌ക്രീന്‍ ടെലിവിഷനുകളുടെ മാതിരി ഐഫോണ്‍ 5 ന്റെ സ്‌ക്രീന്‍ 16 : 9 അനുപാതത്തിലുള്ളതാണ്. റെറ്റീന ഡിസ്‌പ്ലെ തന്നെയാണ് ഐഫോണ്‍ 5 ന്റെ നാലിഞ്ച് സ്‌ക്രീനിനുമുള്ളത്, 1136 x 640 സ്‌ക്രീന്‍ റിസല്യൂഷനും.
ഐഫോണ്‍ 5 ന് 112 ഗ്രാം ഭാരമേയുള്ളൂ. ഇത് ഐഫോണ്‍ 4എസിനെ അപേക്ഷിച്ച് 20 ശതമാനം കുറവാണ്.
ആപ്പിള്‍ ഡിസൈന്‍ ചെയ്ത പുതിയ ചിപ്പായ അ6 ആണ് ഐഫോണ്‍ 5 ന് കരുത്തുപകരുക. പഴയ മോഡലിനെ അപേക്ഷിച്ച് ഇരട്ടി കരുത്തേറിയതാണ് ഈ പ്രൊസസറെന്ന് ഷില്ലര്‍ അറിയിച്ചു.
മുന്‍ മോഡലായ ഐഫോണ്‍ 4എസിലെ മാതിരി എട്ട് മെഗാപിക്‌സല്‍ തന്നെയാണ് പുതിയ മോഡലിലെയും മുഖ്യ ക്യാമറ. ഐഫോണിനോട് മത്സരിക്കാന്‍ എല്‍.ജിയും സോണിയും പുറത്തിറക്കിയ മോഡലുകളില്‍ ഇതിലും കൂടുതല്‍ സ്‌പെസിഫിക്കേഷനുള്ള ക്യാമറയാണുള്ളത്.
അതേസമയം, ഫോണിലെ സോഫ്ട്‌വേറിന്റെ മികവ് മൂലം അരണ്ട വെളിച്ചത്തില്‍ കൂടുതല്‍ മികവുറ്റ ചിത്രങ്ങളെടുക്കാന്‍ ഐഫോണ്‍ 5 ലെ ക്യാമറയ്ക്ക് കഴിയുമെന്ന് ഷില്ലര്‍ പറഞ്ഞു.
മുമ്പെങ്ങുമില്ലാത്ത വിധം സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് മത്സരം മുറുകിയിരിക്കുന്ന സമയത്താണ് ഐഫോണ്‍ 5 ന്റെ വരവ്. 2007 ലാണ് ആപ്പിള്‍ ഐഫോണ്‍ ആദ്യമായി അവതരിപ്പിച്ചത്. സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തിന്റെ ശിരോലിഖിതം തന്നെ മാറ്റിയെഴുതിയ ഉപകരണമായി മാറി ഐഫോണ്‍. ഇതിനകം ലോകമെങ്ങും 24.3 കോടി ഐഫോണ്‍ വിറ്റുവെന്നാണ് കണക്ക്.
മാത്രമല്ല, ആപ്ലിക്കേഷന്‍ ഇക്കോസിസ്റ്റത്തിന്റെ ആവിര്‍ഭാവത്തോടെ, ആപ്ലിക്കേഷന്‍ നിര്‍മാണവും വില്‍പ്പനയും വലിയൊരു വിപണിയായി രൂപപ്പെട്ടു. ഏഴ് ലക്ഷം ഐഫോണ്‍ ആപ്ലിക്കേഷനുകള്‍ (apps) ഇപ്പോള്‍ ആപ്പിള്‍ സ്റ്റോറിലുണ്ട്.
അമേരിക്കയും ബ്രിട്ടനും ഉള്‍പ്പടെ ഒന്‍പത് രാജ്യങ്ങളില്‍ സപ്തംബര്‍ 21 ന് ഐഫോണ്‍ 5 വില്‍പ്പനയ്‌ക്കെത്തും. ഐഫോണ്‍ 4എസിന്റെ കാര്യത്തില്‍ പിന്തുടര്‍ന്ന വിലനിലവാരമായിരിക്കും ഐഫോണ്‍ 5 നും. രണ്ടുവര്‍ഷത്തെ കരാറടക്കം 16 ജിബി മോഡലിന് 199 ഡോളര്‍, 32 ജിബിക്ക് 299 ഡോളര്‍, 64 ജിബി മോഡലിന് 399 ഡോളര്‍.
സപ്തംബര്‍ 14 മുതല്‍ ഐഫോണ്‍ 5 ന് മുന്‍കൂര്‍ ഓര്‍ഡര്‍ സ്വീകരിച്ചു തുടങ്ങും. ഈ വര്‍ഷമവസാനത്തോടെ 240 വയര്‍ലെസ് സേവനദാതാക്കളുടെ പിന്തുണയോടെ നൂറ് രാജ്യങ്ങളില്‍ ഐഫോണ്‍ 5 എത്തുമെന്ന് ആപ്പിള്‍ അറിയിച്ചു.
No comments:
Post a Comment